കൊച്ചി: ചപ്പാത്തിക്ക് മാവു കുഴയ്ക്കുന്ന മെഷീനിൽ കൈ കുടുങ്ങി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വാഴക്കുളം പള്ളിക്കുന്നേൽ റെജിമോൾ (52) ആണ് മരിച്ചത്. വിൽപനയ്ക്കായുള്ള ചപ്പാത്തി ഉണ്ടാക്കുന്നതിനിടെ കൈ യന്ത്രത്തിൽ കുരുങ്ങുകയായിരുന്നു.
യന്ത്രത്തിൽ നിന്നുള്ള അസാധാരണമായ ശബ്ദവും മണവും പുറത്തു വന്നതിനെ തുടർന്ന് സ്ഥാപനത്തോടു ചേർന്നുള്ള വീട്ടിൽ നിന്നു മകൻ എത്തിയപ്പോഴാണ് റെജിമോളെ യന്ത്രത്തിൽ കൈ കുടുങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
മേലുകാവ് പയസ് മൗണ്ട് പാറപ്ലായ്ക്കൽ കുടുംബാംഗമാണ് പരേത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം വാഴക്കുളം സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ. ഭർത്താവ് ജെസ്റ്റിൻ 22 വർഷം മുമ്പ് വാഹനാപകടത്തിൽ മരിച്ചിരുന്നു. മക്കൾ: ജാസ്മിൻ, ജെസ്റ്റോ.